പോത്തോട്ട മഹോത്സവം
പോത്തോട്ട മഹോത്സവം

അടാട്ട് ഉടലക്കാവ് ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പോത്തോട്ടപറമ്പിൽ കന്നിമാസത്തിലെ മകം നാളിൽ പോത്തോട്ടം ഒരു അനുഷ്ഠാന ഉത്സവമായി കൊണ്ടാടുന്നു. അടാട്ട് കുറൂർപ്പാറയ്ക്ക് സമീപത്തുള്ള തൊട്ടപ്പള്ളി കാളിക്ഷേത്രത്തിൽ നിന്നും പോത്തിനെ എഴുന്നള്ളിച്ചു കൊണ്ടുവന്ന് ഗണപതികല്ലിൽ തേങ്ങ ഉടച്ച് ശിവത്തറയ്ക്ക് ചുറ്റും മൂന്നുപ്രാവശ്യം ഓടിയ്ക്കുന്നു. അതോടൊപ്പം ദേശക്കാരുടെ പോത്തുകളായ കുന്നത്തുള്ളി പോത്ത്, പുളിഞ്ചേരി പോത്ത് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പോത്തുകളും പോത്തോട്ടത്തിൽ അണിചേരുന്നു.
കാർഷിക സംസ്‌കാരവും അനുഷ്ഠാനങ്ങളും
കർഷക ജനതയുടെ പ്രതീക്ഷയുടെ പ്രതീകമാണ് പോത്തോട്ടം എന്ന അനുഷ്ഠാനകല ഉടലക്കാവ് ക്ഷേത്ര മൈതാനിയിൽ അരങ്ങേറുന്നത്. പോത്തോട്ട ഉത്സവം ഒരു വിളവെടുപ്പുത്സവം കൂടിയായാണ് അറിയപ്പെടുന്നത്. ആയില്യം, മകം പോത്തോട്ട മഹോത്സവം എന്നറിയപ്പെടുന്ന ഈ കാർഷികാചാരത്തിന് പട്ടികജാതി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഇപ്പോൾ അടാട്ട് പഞ്ചായത്ത് സഹായം നൽകുന്നുണ്ട്.

ജനങ്ങൾ ജാതിമത ഭേദമന്യേ വളരെ സന്തോഷത്തോടു കൂടി ആഘോഷിക്കുന്ന ഒരു ഉത്സവമാണ് പോത്തോട്ടം. ഇതു മൂലം നാടിന് ക്ഷേമവും ഐശ്വര്യവും ഉണ്ടാവുമെന്ന് വിശ്വസിക്കപ്പെടുന്നു. പോത്തോട്ട ഉത്സവത്തിന്റെ ദിവസം നാടൻ കലാരൂപങ്ങളായ മുടിയാട്ടം, നാടൻപാട്ട് എന്നിവ നടക്കാറുണ്ട്. ഉടലക്കാവ് ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്ന പാലമരത്തിന് 1000 വർഷത്തോളം പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.