ആരാധനാലയങ്ങൾ
അടാട്ട് ഗ്രാമപഞ്ചായത്തിലെ ആത്മീയവും സാംസ്കാരികവുമായ പൈതൃക കേന്ദ്രങ്ങൾ
ചൂരക്കാട്ടുകര ശ്രീ ദുർഗ്ഗ ക്ഷേത്രം
കേരളത്തിലെ തൃശൂർ ജില്ലയിലെ ചൂരക്കാട്ടുകര ഗ്രാമത്തിലെ ഭഗവതിക്ഷേത്രമാണ് ചൂരക്കോട്ടുകാവ്. പണ്ട് നിറയെ ചൂരൽക്കാടായിരുന്ന സ്ഥലമാണ് ചൂരക്കാട്ടുകര. ദേവി മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. യാഗഭൂമിയായിരുന്ന സ്ഥലത്ത് സ്വയംഭൂവായാണ് ഈ ഭഗവതി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. വനദുർഗ്ഗ സങ്കൽപ്പമായതിനാൽ ഇവിടത്തെ ശ്രീകോവിലിന് മേൽക്കൂരയില്ല എന്നത് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

അടാട്ട് അമ്പലംകാവ് ഭഗവതി ക്ഷേത്രം
തൃശൂർ ജില്ലയിലെ അടാട്ട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ആരാധനാലയമാണ് അടാട്ട് അമ്പലംകാവ് ഭഗവതി ക്ഷേത്രം. ആദിപരാശക്തിയായ ഭഗവതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പ്രദേശവാസികളുടെ ആചാരാനുഷ്ഠാനങ്ങളുമായി ഇഴുകിചേർന്ന ഈ ക്ഷേത്രം ശാന്തവും മനോഹരവുമായ അന്തരീക്ഷത്തിന് പേരുകേട്ടതാണ്. മീനമാസത്തിൽ കൊണ്ടാടുന്ന ഭരണി വേലാഘോഷമാണ് ഇവിടുത്തെ പ്രധാന ഉത്സവം.

മുതുവറ ശിവക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ അടാട്ട് ഗ്രാമപഞ്ചായത്തിൽ മുതുവറയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് മുതുവറ മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. പടിഞ്ഞാട്ട് ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ, ദക്ഷയാഗത്തിനുശേഷം ഉഗ്രഭാവത്തിലിരിയ്ക്കുന്ന പരമശിവൻ ആണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവും ഉപദേവനായി ഗണപതിയുമുണ്ട്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന മഹാശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം

പുഴയ്ക്കൽ ധർമ്മശാസ്താക്ഷേത്രം
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പുഴയ്ക്കൽ ധർമ്മശാസ്താക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ - കുന്നംകുളം - കോഴിക്കോട് റൂട്ടിൽ അടാട്ട് ഗ്രാമപഞ്ചായത്തിന്റെയും തൃശ്ശൂർ കോർപ്പറേഷന്റെയും അതിർത്തിയിൽ പുഴയ്ക്കൽ എന്ന സ്ഥലത്ത് പുഴയ്ക്കൽപ്പുഴയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. താരകബ്രഹ്മമൂർത്തിയായ ധർമ്മശാസ്താവ് പ്രധാനമൂർത്തിയായി കുടികൊള്ളുന്ന ഈ ക്ഷേത്രം നിരവധി ഭക്തജനങ്ങളെ ആകർഷിച്ചുവരുന്നുണ്ട്. ക്ഷേത്രത്തോട് ചേർന്നുള്ള പുഴയിൽ നടത്തിവരുന്ന ബലിതർപ്പണം വിശേഷമാണ്. ശബരിമല തീർത്ഥാടനക്കാലത്ത് ഗുരുവായൂർ ക്ഷേത്രദർശനത്തിനുപോകുന്ന ഭക്തരിൽ ചിലർ ഇവിടെയും വരാറുണ്ട്. പ്രഭാസത്യകസമേതനായ ശാസ്താവിനെക്കൂടാതെ ഗണപതി, ദുർഗ്ഗ, ഭദ്രകാളി, രക്തേശ്വരി നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് (ദമ്പതീരക്ഷസ്സ് സങ്കല്പത്തിൽ) എന്നിവരും പ്രതിഷ്ഠകളായുണ്ട്.

പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്
ആത്മീയ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും പേരുകേട്ട ദേവാലയമാണ്. പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയം തൃശൂർ- കുന്നകുളം റോഡിലെ മുതുവറയിൽനിന്ന് രണ്ട് കിലോമീറ്റർ പടിഞ്ഞാറുമുറി സ്ഥിതിചെയ്യുന്നു. 1955 വരെയും പുറനാട്ടുകര അടാട്ട് ദേശത്തെ ക്രിസ്ത്യാനികൾ എല്ലാ ആദ്ധ്യാത്മിക വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സമീപിച്ചിരുന്നത് മാതൃദൈവാലയമായ ആമ്പക്കാടിനെ ആയിരുന്നു. യാത്രാസൗകര്യം ഇല്ലാത്തതിനാൽ ഞായറാഴ്ചയിലെ കുർബ്ബാന, മാമ്മോദീസ, രോഗീലേപനം, ശവസംസ്‌കാരം, മതബോധനം എന്നിവ സമയത്തിന് നടത്തുവാൻ സാധിക്കാതെയായി. ഈ ബുദ്ധിമുട്ടുകൾ പുറനാട്ടുകരയിലെ വിശ്വസികളെ ദൈവാലയം പണിയുവാൻ പ്രേരിപ്പിച്ചു.

അടാട്ട് മഹാദേവ ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമത്തിലാണ് അടാട്ട് ശിവ-വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പാർവ്വതീസമേതനായ ശിവനും വിഷ്ണുവും പ്രത്യേകം ക്ഷേത്രങ്ങളിലായി കുടികൊള്ളുന്ന ഇവിടെ, രണ്ടിനെയും ഒറ്റക്ഷേത്രമായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് ഇത് ശിവ-വിഷ്ണുക്ഷേത്രം എന്ന് അറിയപ്പെടുന്നത്. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കുംഭമാസത്തിൽ നടക്കുന്ന ശിവരാത്രി, ചിങ്ങമാസത്തിൽ നടക്കുന്ന അഷ്ടമിരോഹിണി, വൃശ്ചികമാസത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. അടാട്ടുള്ള പ്രസിദ്ധമായ ചെമ്മങ്ങാട്ട്, കുറൂർ മനകളുടെ കീഴിലാണ് ഈ ക്ഷേത്രങ്ങൾ. ഇവയിൽ ശിവക്ഷേത്രം ചെമ്മങ്ങാട്ട് മന വകയും വിഷ്ണുക്ഷേത്രം കുറൂർ മന വകയുമാണ്

പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ അടാട്ട് ഗ്രാമപഞ്ചായത്തിൽ പുറനാട്ടുകര ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പുറനാട്ടുകര മഹാവിഷ്ണുക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണു മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ശിവന്നും പാർവ്വതിയ്ക്കും ഗണപതിയ്ക്കും മാത്രമേ പ്രതിഷ്ഠകളുള്ളൂ. അതിവിശാലമായ ഒരു കുളത്തോടുകൂടിയ ഈ ക്ഷേത്രത്തിൽ, അങ്ങോട്ട് ദൃഷ്ടി വരുന്ന വിധത്തിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. ധനുമാസത്തിൽ നടക്കുന്ന മണ്ഡലോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. മണ്ഡലകാലത്തിലെ അവസാനത്തെ എട്ടുദിവസങ്ങളിലാണ് ഈ ആഘോഷം നടത്തുന്നത്. കൂടാതെ, ചിങ്ങമാസത്തിൽ വരുന്ന അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, വൈശാഖമാസം എന്നിവയും അതിവിശേഷദിവസങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം.

ആമ്പക്കാട് സെന്റ് മേരീസ് ചർച്ച്
തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള ഒരു പ്രമുഖ കത്തോലിക്കാ ദേവാലയമാണ് ആമ്പക്കാട് സെന്റ് മേരീസ് ചർച്ച് (St. Mary's Church, Ambakad). സ്ഥാപിതമായ വർഷം: കത്തോലിക്കാ സഭയുടെ സീറോ-മലബാർ റീത്തിൽ ഉൾപ്പെടുന്ന ഈ പള്ളി 1821-ൽ ആണ് സ്ഥാപിതമായത്. തൃശ്ശൂർ അതിരൂപത (Archdiocese of Trichur).സ്ഥലം: തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കലിന് സമീപമുള്ള ആമ്പക്കാട് എന്ന സ്ഥലത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

വ്യാസപീഠം ക്ഷേത്രം
വ്യാസപീഠം ക്ഷേത്രം വേദവ്യാസ മഹർഷിക്കായി സമർപ്പിക്കപ്പെട്ട ഒരു പുരാതന ഹിന്ദു തീർത്ഥാടന കേന്ദ്രമാണ്. പ്രാദേശിക സമൂഹത്തിന്റെ സാംസ്കാരികവും മതപരവുമായ പാരമ്പര്യത്തിൽ ഈ ക്ഷേത്രത്തിന് സുപ്രധാന സ്ഥാനവും വലിയ ആത്മീയ പ്രാധാന്യവും ഉണ്ട്. തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാറി അമല നഗറില്‍ സ്ഥിതി ചെയ്യുന്ന പുണ്യസ്ഥലമാണ് വ്യാസപീഠം. ഹൈന്ദവ പുരാണങ്ങളിലെ ഇതിഹാസകാരനായ വേദവ്യാസ മഹർഷിയുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലത്തിന്റെ ഐതിഹ്യം.വ്യാസന്റെ സാന്നിധ്യം: വേദങ്ങളും മഹാഭാരതവും ഉൾപ്പെടെയുള്ള പുരാണങ്ങൾ ക്രമീകരിച്ച് ലോകത്തിന് പകർന്നുനൽകിയ വേദവ്യാസൻ കേരളത്തിലൂടെ സഞ്ചരിക്കവെ, തപസ്സനുഷ്ഠിക്കാനും വിശ്രമിക്കാനും തിരഞ്ഞെടുത്ത പവിത്രമായ സ്ഥലമായാണ് വ്യാസപീഠം വിശ്വസിക്കപ്പെടുന്നത്.പേരിന്റെ ഉത്ഭവം: മഹർഷിമാർ ഉപവിഷ്ടനായ (ഇരുന്ന) പീഠം അഥവാ സ്ഥലം എന്ന അർത്ഥത്തിലാണ് 'വ്യാസപീഠം' എന്ന പേരുണ്ടായത്.

സെന്റ് റീത്താസ് ചര്‍ച്ച് , ചിറ്റിലപ്പിള്ളി
തുടക്കം: 1935-ൽ കുണ്ടുകുളങ്ങര പൗലോസ് ഔസേപ്പും ഭാര്യ കുഞ്ഞന്നവും ചിറ്റിലപ്പിള്ളി വില്ലേജിൽ നൽകിയ 22 സെന്റ് സ്ഥലത്താണ് ഈ ദൈവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. പ്രതിഷ്ഠയും നാമകരണവും: അന്നത്തെ തൃശൂർ രൂപതാധ്യക്ഷൻ മാർ ഫ്രാൻസിസ് വാഴപ്പിള്ളിയുടെ നിർദ്ദേശപ്രകാരം ഇവിടെ വിശുദ്ധ റീത്തയുടെ രൂപം പ്രതിഷ്ഠിക്കുകയും, കപ്പേളയ്ക്ക് ‘എന്റെ സങ്കേതം’ എന്ന് പേരിടുകയും ചെയ്തു. തൃശൂർ രൂപതയിൽ വിശുദ്ധ റീത്തയുടെ നാമത്തിലുള്ള ഏക ദൈവാലയമാണിത്. വളർച്ച: 1950-ൽ പ്രഥമ ദിവ്യബലിയർപ്പിച്ചു. തുടർന്ന് എല്ലാ ഞായറാഴ്ചകളിലും കുർബാനയും വാർഷിക തിരുനാളും ആരംഭിച്ചു. 1974-ൽ ഫാ. ആന്റണി ഇരിമ്പൻ വികാരിയായിരുന്നപ്പോൾ സെമിത്തേരി ആശീർവദിച്ചു. സ്വതന്ത്ര ഇടവക: പറപ്പൂർ ഇടവകയുടെ കീഴിലായിരുന്ന ഈ കപ്പേള 1985-ൽ സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. ഫാ. മാത്യു പേരാമംഗലമായിരുന്നു ആദ്യ വികാരി..

നിത്യസഹായമാതാ ചര്‍ച്ച്, അടാട്ട്
2001ലാണ് അടാട്ട് നിത്യസഹായമാതാ ചർച്ച് സ്ഥാപിതമായത്. നിത്യസഹായമാതാവിന്റെ മദ്ധ്യസ്ഥത്തിലുള്ള പള്ളിയാണ്. അടാട്ട് നിത്യസഹായമാതാവിന്റെയും വി. സെബാസ്ത്യാനോസിന്റെയും സംയുക്തതിരുനാൾ ഒക്‌ടോബർമാസത്തിൽ ആഘോഷിക്കുന്നു, ഏഴ് കുടുംബകൂട്ടായ്മ യൂണിറ്റുകളും അതിൽ 240ലധികം കുടുംബങ്ങളും ഈ ഇടവകയിൽ അടങ്ങിയിരിക്കുന്നു. പറപ്പൂർ ഫൊറോന പള്ളിയുടെ കീഴിവരുന്ന ദൈവാലയമാണിത്. നിത്യസഹായമാതാവിന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്ന വിശ്വാസികളിൽ വിനയവും ശുശ്രൂഷമനോഭാവും ഹൃദയവിശാലതയും പരസ്പരസ്‌നേഹവും വളർത്തുന്നു. കെ.സി.വൈ.എം, സി.എൽ.സി., ജീസസ് യൂത്ത്, വിൻസന്റ് ഡി പോൾ, അൾത്താരസംഘം , മാതൃവേദി , ഗായകസംഘം, തിരുബാലസഖ്യം എന്നീ സംഘടനകൾ ഇടവകയിൽ പ്രവർത്തിക്കുന്നു

ചീരക്കുഴി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
തൃശൂർ ജില്ലയിലെ അമലാനഗറിന് സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ആരാധനാലയമാണ് ചീരക്കുഴി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഭഗവാൻ ബാലസുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
